Uncategorized
സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു; ചികിത്സയില്‍ അഞ്ച് പേര്‍
സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ 19 സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് സിക വൈറസ് വ്യാപനം തടയുന്നതിനായി മെഡിക്കല്‍ കോളേജിലെ വൈറോളജി റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി സജ്ജമായിട്ടുണ്ട്. ഐസിഎംആര്‍ നേതൃത്വത്തില്‍ നടത്തിയ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചശേഷമാണ് പരിശോധനകള്‍ ആരംഭിച്ചത്.
ചൂടുള്ള കാലാവസ്ഥയിൽ വളരുന്ന ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളുടെ കടിയേൽക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ശൈത്യകാലാവസ്ഥയുള്ള സ്ഥലങ്ങളിൽ രോഗം പെട്ടെന്നു പടരില്ല. സിക വൈറസ് ബാധിച്ച രോഗികളുടെ ഉമിനീർ, മൂത്രം എന്നിവയിൽ വൈറസിന്റെ സാന്നിധ്യ മുണ്ടാകാമെന്ന് ബ്രസീലിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.