കേരളം
ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍
കിഫ്ബി മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ഹൈക്കോടതിയില്‍. ഇഡിയ്ക്കെതിരെ ഭരണപക്ഷ എംഎല്‍എമാരും ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.
തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമന്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സമന്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണെന്നും തോമസ് ഐസകിന്റെ ഹര്‍ജിയില്‍ പറയുന്നു.
ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസക്തിയുള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാനില്ലെന്ന് കാണിച്ച് ഇഡിക്ക് തോമസ് ഐസക് രേഖാമൂലം മറുപടി നല്‍കി.