കേരളം
‘ഉത്തരം നൽകാൻ ഈ സർക്കാരിന് പ്രതിബദ്ധതയുണ്ട്’; നീതി കിട്ടുന്നത് വരെ കുടുംബത്തിനൊപ്പമെന്ന് ഇ എസ് ബിജിമോൾ
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതിവിധി കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതാണെന്ന് സിപിഐ നേതാവ് ഇ എസ് ബിജിമോൾ. ആറ് വയസുകാരി പെൺകുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയായി എന്നത് വസ്തുതയാണ്. കൊല്ലപ്പെട്ടുവെന്നത് സത്യവുമാണ്. എന്നിട്ടും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ ആ പെൺകുഞ്ഞിനോട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനീതി കാണിച്ചുവെന്ന് കാലം രേഖപ്പെടുത്തും.
ഓരോ പെൺകുഞ്ഞുങ്ങളുടെയും ജീവൻ അരക്ഷിതാവസ്ഥയിലാകും. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഈ വിധിന്യായം. യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. കേരളത്തിലെ എല്ലാ അമ്മമാരുടെയും ഹൃദയത്തിന് ഉയരുന്ന നിശബ്‍ദമായ വേദനക്ക് ഉത്തരം നൽകാൻ സർക്കാരിന് പ്രതിബദ്ധതയുണ്ട്. നീതി കിട്ടുന്നത് വരെ ഈ കുടുംബത്തിന്‍റെ കണ്ണീരിനൊപ്പമാണെന്നും ഇ എസ് ബിജിമോൾ വ്യക്തമാക്കി.
അതേസമയം, വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.
കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.
അതേസമയം, നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.