കേരളം
ഇന്ന് തിരുവോണം
ലോക മലയാളികൾക്ക് ഇന്ന് തിരുവോണം. അപ്രതീക്ഷിതമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കൊവിഡ് മഹാമാരിയുടെ ആശങ്കയിൽ ഇത്തവണ ആഘോഷങ്ങളത്രയും പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണയും പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീട്ടകങ്ങളിലെ ആഘോഷങ്ങൾക്ക് കുറവില്ല.
ചിങ്ങ പിറവി മുതൽ കാത്തിയിരുന്ന പൊന്നോണമാണിന്ന്. മാവേലി തമ്പുരാൻ വീട്ടുമുറ്റങ്ങളിൽ വിരുന്നെത്തുമെന്നാണ് ഐതീഹ്യം. കാണം വിറ്റും ഓണമുണ്ണാൻ മനസൊരുക്കുന്ന മലയാളിക്ക് ഇക്കുറി പക്ഷേ ആഘേഷങ്ങളെല്ലാം കുറവാണ്. അകലമില്ലാതിരുന്ന ഒരു സാമൂഹിക സങ്കൽപത്തെ അകലംപാലിച്ചുകൊണ്ട് ആഘോഷമാക്കുക എന്നത് മഹാമാരി കാലത്തെ നീതിയാണ്.
എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നതെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
”ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓണാശംസകള്‍ നേര്‍ന്നു. നന്മയുടേയും സ്‌നേഹത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നല്‍കുന്നത്. രാജ്യപുരോഗതിയിലേക്ക് ഒന്നിച്ചുമുന്നേറാനുള്ള കരുത്താകട്ടെ ആഘോഷമെന്ന് രാഷ്ട്രപതി ആശംസിച്ചു.