ദേശീയം
കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയിലും ആഗോള തലത്തിലുമുള്ള മുഴുവന്‍ വിവരങ്ങള്‍ പരിശോധിച്ചാലും പുതിയ കോവിഡ് വകഭേദമോ പഴയ വകഭേദമോ കുട്ടികള്‍ക്കിടയില്‍ കൂടുതല്‍ അണുബാധയ്ക്ക് കാരണമായെന്ന് കാണിക്കുന്നില്ലെന്നും ഗുലേറിയ വ്യക്തമാക്കി.
അതേസമയം ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നത് വരെ മുന്‍കരുതലുകള്‍ തുടരണമെന്നും രണ്‍ദീപ് ഗുലേരിയ കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നത്.
കോവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗം കെട്ടടികഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെടുന്നുണ്ട്. മഹാമാരി തരംഗങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. നമ്മൾ ഉണ്ടാക്കുന്നതാണ്. പണ്ട് കാലങ്ങളിൽ മഹാമാരികൾ നൂറ്റാണ്ടുകൾ നീണ്ടു നിന്ന തരംഗങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളത്. അക്കാലത്ത് രോഗത്തെപറ്റിയും നിയന്ത്രണരീതികളെസംബന്ധിച്ചുമുള്ള ശാസ്തീയ വിവരങ്ങൾ വളരെ കുറവായിരുന്നു.
ഇപ്പോഴാവട്ടെ രോഗനിയന്ത്രണത്തിനുള്ള പൊതുജനാരോഗ്യ ഇടപെടാലുകളെ സംബന്ധിച്ച് വ്യക്തമായ ധാരണകളുണ്ട്. വാക്സീനുകളും എത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പ്രത്യേകിച്ചും അതിവ്യാപന സാധ്യതയുള്ള ഡെൽറ്റ വൈറസ് വകഭേദം ആവിർഭവിച്ചിട്ടുള്ള സാഹചര്യത്തിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കൂടുതൽ കർശനമായി പാലിക്കേണ്ടതാണ്.കോവിഡ് നിയന്ത്രണത്തിനായി നമ്മുടെ കൈയിലുള്ള ശക്തവും ഫലപ്രദവുമായ മാർഗം മാസ്ക് ധാരണം തന്നെയാണ്. വാക്സീൻ ലഭ്യമായതിനു ശേഷവും മാസ്കിന്റെ സാമൂഹ്യ വാക്സിൻ (Social Vaccine) എന്ന പ്രസക്തി കുറഞ്ഞിട്ടില്ല.
പ്രത്യേകിച്ചും ഡെൽറ്റാവൈറസ് വകഭേദം ആവിർഭവിച്ച സാഹചര്യത്തിൽ. പ്രധാനമായും ശ്രദ്ധിക്കേണ്ടത് മാസ്ക് മാറ്റേണ്ട അവസരങ്ങളിലെല്ലാം (ആഹാരം, പാനീയങ്ങൾ കഴിക്കുക) മറ്റുള്ളവരുമായി ശരീരദൂരം പാലിക്കാൻ ജാഗ്രത കാട്ടുക എന്നതാണ്. പ്രത്യേകിച്ചും വീട്ടിനുള്ളിൽ. വീടിന് പുറത്തുപോയി തിരികെ വരുന്നവർ മാസ്ക് തുടർന്നും വീട്ടിനുള്ളിലും മറ്റുള്ളവരുമായി ഇടപെടുന്ന അവസരങ്ങളിലെല്ലാം ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.