ഇലക്ഷൻ 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം തുടങ്ങി; വോട്ടുചെയ്ത് പ്രധാനമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മടങ്ങി. അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു.
അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്ക് വോട്ട്. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്‌രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.