കേരളം
ലോകം പുതുതലമുറയുടെ കൈക്കുമ്പിളില്‍; വിദ്യാര്‍ത്ഥികള്‍ പുറത്തുപോയി പഠിക്കുന്നതില്‍ വേവലാതി വേണ്ടെന്ന് മുഖ്യമന്ത്രി
വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പുറത്തുപോകുന്നതില്‍ വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം വളര്‍ന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈകുമ്പിളിലാണ്. വിദേശത്ത് പോയി പഠിക്കാന്‍ അവര്‍ക്ക് താല്പര്യം കാണും. വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ നില്‍ക്കുകയാണ് വേണ്ടതെന്നും നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും സൗകര്യം വര്‍ധിപ്പിക്കണം. ക്യാമ്പസ് എല്ലാ സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കണം. ഇത്തരത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവ് പുറത്തറിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് തന്നെ വരും. ആ രീതിയിലുള്ള മാറ്റങ്ങള്‍ ആണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്.കേരള യൂണിവേഴ്‌സിറ്റിയ്ക്ക് ലഭിച്ച എ + + ഉന്നത ഗ്രേഡ് ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി അന്താരാഷ്ട്ര ഹോസ്റ്റല്‍ സമുച്ചയം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പാഠ്യപദ്ധതി പരിഷ്‌ക്കരണം ഒരു നയമായി അംഗീകരിച്ചതാണ് സര്‍ക്കാര്‍.
പേരാമ്പ്ര സി.കെ.ജി കോളജ് വികസനത്തിനായി രണ്ട് ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി. വയോജനങ്ങളുടെ കാര്യത്തില്‍ മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.