കേരളം
അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് തമിഴ്നാട്
കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം.
എറണാകുളം സ്വദേശി നൽകിയ ഹർജിയിലെ കോടതി നിർദേശം ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.