കേരളം
വിജിലൻസ് കയ്യോടെ പൊക്കിയ ആർടിഒ ഉദ്യോഗസ്ഥൻ്റെ പണി തെറിച്ചു
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടിയിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ സസ്പെൻസ് ചെയ്തു. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ് സതീഷിനെയാണ് സസ്പെൻസ് ചെയ്തത്. അമ്പലമ്പുഴ ആർടിഒ എൻഫോഴ്സ്മെന്‍റ് യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് എസ് സതീഷ്.
ദേശീയ പാത നിർമാണത്തിന്‍റെ ഉപകരാറുകാരനിൽ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് സതീഷിനെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങൾ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്. പണം ഓഫീസിലെ മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാനുള്ളതാണെന്നാണ് സതീഷിന്‍റെ മൊഴി. കോഴ വാങ്ങാൻ ഇടനില നിന്ന ഏജന്‍റ് സജിൻ ഫിലിപ്പോസും പിടിയിലായിട്ടുണ്ട്.
സതീഷിന്‍റ് കോൾ രേഖകൾ വിജിലൻസ് പരിശോധിക്കുകയാണ്. ദേശീയപാത നിർമാണത്തിലെ മറ്റ് കരാറുകാരോടും സതീഷ് കൈക്കൂലി ചോദിച്ചു എന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. മണ്ണ് കൊണ്ടുവരുന്ന ഒരു ലോറിക്ക് 3000 രൂപ വീതമാണ് കൈക്കൂലി ചോദിച്ചത്. അമിത ഭാരത്തിന് നടപടി എടുക്കാതിരിക്കാൻ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വില പേശലിനൊടുവിൽ ഇത് ആയിരം ആക്കി കുറക്കുകയായിരുന്നു.