കേരളം
മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേർന്ന് മംഗൽപാടി പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി
മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേർന്ന് മംഗൽപാടി പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി. ചർച്ചക്കെത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറേയും ഇവർ അഞ്ച് മണിക്കൂറോളം പൂട്ടിയിട്ടു.
13 ജീവനക്കാരാണ് മംഗൽപാടി പഞ്ചായത്ത് ഓഫീസിൽ വേണ്ടത്. ഉള്ളതാകട്ടെ സെക്രട്ടറിയടക്കം നാല് പേർ മാത്രമാണ്. മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിഷേധം കടുത്തതോടെയാണ് ചർച്ചയ്ക്കായി അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് എത്തിയത്. എന്നാൽ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിൽ കൃത്യമായ മറുപടി കിട്ടാത്തതോടെ അംഗങ്ങൾ ഓഫീസ് താഴിട്ട് പൂട്ടി. അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെയും തടഞ്ഞ് വച്ചു.
കുറച്ച് കാലമായി പൊതുജനം മംഗൽപാടി പഞ്ചായത്ത് ഓഫീസില്‍ നിന്നുള്ള സേവനങ്ങൾ കിട്ടാതെ ബുദ്ധിമുട്ടിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കാമെന്ന പതിവ് വാക്കിനപ്പുറം നടപടി ഉണ്ടായില്ലെങ്കിൽ സമരം ഇനിയും കടുപ്പിക്കുമെന്ന് മുന്നറിയിപ്പാണ് 23 അംഗങ്ങളും നാട്ടുകാരും നൽകുന്നത്.