ദേശീയം
പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും; നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയില്‍
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പുതിയതായി നിയമിതരായ തെരഞ്ഞെടുപ്പ് കമീഷണര്‍മാര്‍ ചുമതലയേല്‍ക്കുന്ന ദിവസം തന്നെയാണ് ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കുന്നത്. ഇന്നലെയാണ് ഗ്യാനേഷ് കുമാര്‍ ,സുഖ്ബിന്ദര്‍ സിങ് സന്ധു എന്നിവരെ രാഷ്ട്രപതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചത്.
കമ്മീഷണര്‍മാരെ കണ്ടെത്താന്‍ നിയോഗിച്ച സമിതിയിലെ അംഗമായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജനകുറിപ്പ് മിനിട്‌സില്‍ എഴുതി ചേര്‍ത്തിരുന്നു. ടി എന്‍ ശേഷന് ശേഷം ഒരു മുഖ്യ തെരെഞ്ഞെടുപ് കമ്മീഷണറും മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കിയിട്ടില്ല . ഇക്കാര്യവും ഹര്‍ജിയിലുണ്ട്.
കമ്മീഷണര്‍ സ്ഥാനത്ത് നിന്നും അരുണ്‍ ഗോയല്‍ രാജിവെക്കുകയും അനൂപ് പാണ്ഡെ വിരമിക്കുകയും ചെയ്തിരുന്നു. ഈ ഒഴിവുകളിലേയ്ക്കാണ് പുതിയ രണ്ട് പേരെ നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടെത്താനുള്ള സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കൊപ്പം ചീഫ് ജസ്റ്റിസിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിനെ മറികടക്കാനായി പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കുകയും ചെയ്തിരുന്നു. ഈ നടപടിയും ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.