കേരളം
അമ്മ മരിച്ചത് മകൻ്റെ അടിയേറ്റ് തന്നെ; അച്ഛൻ മരിച്ചത് ഹൃദയാഘാതം മൂലവും; മകൻ അറസ്റ്റിൽ
പാലക്കാട് അമ്മ മരിച്ചത് മകൻ്റെ അടിയേറ്റ് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ മകൻ അനൂപ് അറസ്റ്റിലായി. ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ അച്ഛൻ അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പൊലീസ് വ്യക്തമാക്കി. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് അമ്മക്ക് മകന്റെ മർദ്ദനമേറ്റത്. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്.
അവശനിലയിലായിരുന്ന അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മർദ്ദിച്ചിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് അനൂപ്.