കേരളം
‘തൊപ്പിയുടെ അറസ്റ്റ്’ നൽകുന്ന സന്ദേശം; സംസ്കാരവും സാന്മാർഗിക മൂല്യവും ചൂണ്ടിക്കാട്ടി കേരള പൊലീസ്
‘തൊപ്പി’ എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കേരള പൊലീസ്. രാജ്യത്തിന്‍റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കത്തിലൂടെയാണ് തൊപ്പി സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നതെന്നാണ് പൊലീസ് കുറിപ്പിലൂടെ വിമർശിക്കുന്നത്. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നതാണ് തൊപ്പിയുടെ അറസ്റ്റിലൂടെ നൽകുന്ന സന്ദേശമെന്നാണ് കേരള പൊലീസ് പറഞ്ഞുവയ്ക്കുന്നത്.
കേരള പൊലീസിന്‍റെ കുറിപ്പ്
തൊപ്പി അറസ്റ്റിൽ..
രാജ്യത്തിന്‍റെ സംസ്കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തിൽ നേടുന്ന തുക നിയമവിരുദ്ധ മാർഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പൊലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അതേസമയം തൊപ്പിക്കെതിരെ വളാഞ്ചേരി പൊലീസും കണ്ണൂർ കണ്ണപുരം പൊലീസുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ വളാഞ്ചേരി പൊലീസെടുത്ത കേസിൽ തൊപ്പിക്ക് സ്റ്റേഷൻ ജാമ്യം നൽകിയേക്കുമെന്നാണ് വിവരം. എന്നാൽ സ്റ്റേഷൻ ജാമ്യം വളാഞ്ചേരി പൊലീസ് നൽകിയാലും തൊപ്പിയെ വിട്ടയക്കില്ല. കണ്ണപുരം പൊലീസ് എടുത്ത കേസുള്ളതിനാലാണ് വിട്ടയക്കാത്തത്. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ ജാമ്യം നൽകിയാൽ ഇന്ന് വൈകീട്ട് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 പ്രകാരമാണ് തൊപ്പിക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. ഈ കേസിൽ ചോദ്യം ചെയ്ത ശേഷമാകും തൊപ്പിയെ വിട്ടയക്കുന്ന കാര്യത്തിലെ തീരുമാനമുണ്ടാകുക. ടി പി അരുണിന്‍റെ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.