കേരളം
സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
78 വയസുള്ള തൈക്കുടം സ്വദേശി സരോജിനിയമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പൊലീസ് എസ്.എച്ച്. ഒ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവത്തിന് ശേഷം സരോജനി അമ്മ വീടിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. ആർഡിഒ ഉത്തരവ് ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് സ്വയം അകത്ത് കയറിയതെന്ന് സരോജനി അമ്മ പറഞ്ഞു. സബ് കളക്ടറുടെ നേതൃത്വത്തിൽ ഇരു കക്ഷികളുമായി ചർച്ച ചെയ്തതിന് ശേഷമെ നടപടി എടുക്കാൻ സാധിക്കു എന്നായിരുന്നു പൊലീസ് നിലപാട്.
തൈക്കൂടം സ്വദേശിനി സരോജിനി എന്ന വൃദ്ധയെ പുറത്താക്കിയാണ് മകൾ ജിജോ പോയത്. രാത്രിയിൽ എവിടെ പോകും എന്നറിയാതെ വൃദ്ധ വീടിന് പുറത്ത് നിൽക്കുകയായിരുന്നു. അതിനിടെ പ്രശ്‌നം അറിഞ്ഞ് ഉമാ തോമസ് എംഎൽഎ എത്തി. സരോജനിക്ക് വീട് തുറന്ന് നൽകാതെ മടങ്ങില്ലെന്ന് ഉമാ തോമസ് എംഎൽഎ നിലപാടെടുത്തു. വീട് തുറന്ന് നൽകാതെ മടങ്ങില്ലെന്ന് സരോജിനി അമ്മയും ഉറച്ചു നിന്നു. സരോജിനി അമ്മയ്ക്ക് സുരക്ഷ ഒരുക്കാമെന്നും നാളെ ഇരുകക്ഷികളെയും കൂട്ടിയിരുത്തി ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന് സബ് കളക്ടർ അറിയിച്ചതായും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ മകളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.