കേരളം
ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയ സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി
ആരോഗ്യമന്ത്രിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വാതരോഗത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്ന് രോഗിക്ക് നൽകിയെന്നാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വാതരോഗത്തിന് ചികിത്സ തേടിയത്. ഓഗസ്റ്റ് 22 ന് ഒപിയില്‍ ഡോക്ടറെ കാണുകയുടെ ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.
പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 18 വയസുള്ള പെണ്‍കുട്ടി എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്. ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കം ഉണ്ടാവുകയും ചെയ്തു. ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.