കേരളം
ലഹരിമരുന്ന് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; കുഴഞ്ഞുവീഴുകയായിരുന്നെന്ന് എസ് പി
ലഹരിമരുന്ന് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ വിശദീകരണവുമായി മലപ്പുറം എസ്പി എസ് സുജിത് ദാസ്. പുലർച്ചെ സ്റ്റേഷനിൽ വച്ച് താമിർ ജിഫ്രി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. ഇയാൾ മുൻപും ലഹരി കേസുകളിൽ അകപ്പെട്ടിട്ടുണ്ട്. മൂന്ന് കേസുകളിൽ പ്രതിയാണ്. പൊലീസ്ന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രത്യേകം അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
മരണപ്പെട്ട താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് നടക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് അന്വേഷണമാണ് നടക്കുകയെന്ന് എസ്പി അറിയിച്ചു. നടപടിക്രമങ്ങളിലെ വീഴ്ച സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ലഹരി കേസ് നാർക്കോട്ടിക് ഡിവൈഎസ്പിയും അന്വേഷിക്കും. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുപ്രീം കോടതി മാർഗനിർദേശ പ്രകാരമായിരിക്കും അന്വേഷണം നടക്കുക. രാത്രി 1.45നാണ് ലഹരി മരുന്നുമായി താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തതെന്നും പുലർച്ചെ നാലരക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്നും എസ്പി പറഞ്ഞു.
താനൂർ ദേവധാർ പാലത്തിന് സമീപത്തുവെച്ചാണ് ഇന്ന് പുലർച്ചെ ഇയാളെ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പുലർച്ചെ നാല് മണിയോടെ തളർന്നു വീണതായി അറിയിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്നും ഡിവൈഎസ്പി വി വി ബെന്നി പറഞ്ഞു.