കേരളം
മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സ്റ്റാഫ് നേഴ്സായ സെൽവിൻ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ ഹരി നാരായണന് നൽകും. ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്നത് ഡോ ജോസ് ചാക്കോ പെരിയപുരമാണ്. മസ്‌തിഷ്‌ക മരണം സംഭവിച്ച സെൽവൻ ശേഖറിലൂടെ ആറ് പേർക്ക് പുതുജീവൻ.
ഹൃദയം നൽകിയ കുടുംബത്തോട് നന്ദിയെന്ന് ഹരിനാരായണന്റെ മാതാവ് പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഹരിനാരായണന്റെ പിതാവ് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്.
ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകും.സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്‌തു.
കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ഗതാഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.