കേരളം
നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്. ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
അതേസമയംസോളാർ പീഡന കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി തള്ളിയാണ് കോടതി നടപടി. എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയിൽ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി. സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്.