ദേശീയം
ഇന്ന് കരസേനാ ദിനം ആചരിച്ച് രാജ്യം; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും
രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററില്‍ കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടക്കും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും.മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.
സേനയുടെ വിവിധ റെജിമെന്റുകളില്‍ നിന്നുള്ള ബാന്‍ഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗലൂരുവിലെ എംഇഡി ആന്‍ഡ് സെന്റര്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം.
വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.