കേരളം
കുട്ടികളെ കഞ്ഞിപ്പുരയിലാക്കി തൊഴിലുറപ്പ് യോഗം
തൊഴിലുറപ്പ് യോഗത്തിനായി കുട്ടികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതോടെ സ്ഥലത്തെത്തി യോഗം തടഞ്ഞ് എഇഒ. തിരുവനന്തപുരം തത്തിയൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികളെയാണ് മാറ്റിയത്. ചൂട് താങ്ങാനാവാതെ കുട്ടികള്‍ നിലവിളിച്ചതോടെ പ്രശ്‌നം നാട്ടുകാര്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ വാര്‍ഡ് തല സോഷ്യല്‍ ഓഡിറ്റിങ് യോഗത്തിന് വേണ്ടിയാണ് വിദ്യര്‍ഥികളെ കഞ്ഞിപ്പുരയിലേക്ക് തത്കാലത്തേക്ക് മാറ്റിയത്. ചൂട് കാരണം കുട്ടികള്‍ നിലവിളിച്ചു. പിന്നീട് അധ്യാപകര്‍ കുട്ടികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റുകയും ചെയ്തു.
പഞ്ചായത്തിന് കീഴിലാണ് ഈ സ്‌കൂള്‍ ഉളളത്. പഞ്ചായത്തിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തത് എന്നാണ് അധ്യാപകരുടെ വിശദീകരണം. ഒരുമാസത്തിനിടെ ഇത്തരത്തില്‍ മൂന്നാമത്തെ യോഗമാണ് ചേരുന്നതെന്നാണ് രക്ഷിതാക്കള്‍ ആരോപിച്ചു. കുട്ടികളുടെ നിലവിളി കേട്ട നാട്ടുകാര്‍ വിവരം വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. തുടര്‍ന്ന് എഇഒ സ്ഥലത്തെത്തി യോഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് എഇഒ പറഞ്ഞു.