കേരളം
തുറമുഖങ്ങളില്‍ 34.17 കോടിയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന നിലപാടില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലെ 34.17 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ട്. തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാര്‍. ആരോപണങ്ങളുടെ പുറകെ പോകാനല്ല മറിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നത്.
ആഗോളവത്കരണത്തിനെതിരെ ബദല്‍ സമീപനം സ്വീകരിച്ച് സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവുമായ സമഗ്ര വികസനമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബേപ്പൂര്‍ തുറമുഖത്ത് ഭൂമി ഏറ്റെടുക്കലും സ്ഥിരം ഇ.ഡി.ഐ സംവിധാനവുമാണ് ഉദ്ഘാടനം ചെയ്തത്. തുറമുഖ വികസനത്തിന് 3.85 ഏക്കര്‍ ഭൂമി 28 കോടി രൂപ നല്‍കിയാണ് ഏറ്റെടുത്തത്. വിദേശ കപ്പലുകള്‍ക്ക് ചരക്ക് നീക്കം സുഗമമാക്കാനാണ് 32 ലക്ഷം രൂപയുടെ സ്ഥിരം ഇലക്‌ട്രോണിക് ഡാറ്റ ഇന്റര്‍ഫെയ്സ് സ്ഥാപിച്ചത്.
കൊല്ലം തങ്കശേരി തുറമുഖത്ത് ജലവാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനായി 3.90 കോടി രൂപ ചെലവഴിച്ചാണ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വര്‍ക്ക്‌ഷോപ്പ് നിര്‍മിച്ചത്. 1.21 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആലപ്പുഴ മാരിടൈം ട്രെയിനിംഗ് സെന്ററില്‍ വിനോദ സഞ്ചാര ബോട്ടിനും മത്സ്യതൊഴിലാളികള്‍ക്കും ആവശ്യമായ വിവിധ ലൈസന്‍സുകള്‍ക്കുള്ള പരിശീലനം നല്‍കും. വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് ഫെസിലിറ്റേഷന്‍ സെന്ററാണ് ഉദ്ഘാടനം ചെയ്തത്.