കേരളം
താനൂരിലെ കസ്റ്റഡി മരണത്തിൽ ഫൊറൻസിക് സർജനെതിരെ പൊലീസ്; മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്നത് തെറ്റ്
താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫൊറന്‍സിക് സര്‍ജനെതിരെ ആരോപണവുമായി പൊലീസ് രംഗത്ത്. മരണകാരണം ശരീരത്തിലേറ്റ പരിക്കുകളെന്ന് എഴുതിയത് തെറ്റായ നടപടിയാണെന്ന് പൊലീസ് വ്യക്തമാക്കി. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരും മുന്‍പ് മരണകാരണം സ്ഥിരീകരിച്ചതില്‍ ദുരൂഹതയുണ്ടെന്നും, വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെടും.
താമിർ ജിഫ്രിയുടെ വയറ്റിൽനിന്നും ലഭിച്ച ലഹരി പദാർഥങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽനിന്നാണ് ഫലം ലഭിക്കേണ്ടത്. വയറ്റിൽനിന്ന് രണ്ട് പ്ലാസ്റ്റിക്ക് പാക്കറ്റുകൾ ലഭിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ശരീരത്തിനകത്ത് എത്ര ലഹരിമരുന്ന് കലർന്നെന്ന് മനസിലാക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം.
അതേസമയം, താമിറിനെ മർദിച്ചത് ഡിസ്ട്രിക് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡാൻസാഫ്) ആണെന്ന് സസ്പെൻഷനിലുള്ള എസ്ഐ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡാൻസാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു കഴിഞ്ഞിട്ടില്ല. കസ്റ്റഡി മരണം നടന്നാൽ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സിബിഐ കേസ് ഉടനെ ഏറ്റെടുക്കാൻ സാധ്യതയില്ല.