കേരളം
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം: യുവാവിന്റെ നില ഗുരുതരമായി തുടരുന്നു
കൊച്ചി കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ബുധനാഴ്ച പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതാതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിസള്‍ട്ട് ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.