കേരളം
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി
കോഴിക്കോട്ടെ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. ഇന്ന് 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെതുടര്‍ന്നാണ് സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യംവിളികളുമായി പ്രതിഷേധിക്കുന്നത്. ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷനിലേക്ക് കയറിയിട്ടുണ്ട്. സുരേഷ് ഗോപി വരുന്നതിന് മുമ്പായി രാവിലെ നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളുമേന്തി പദയാത്ര നടത്തിയത്. പദയാത്ര നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. സ്റ്റേഷന് മുന്നില്‍ വലിയ രീതിയിലുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രവര്‍ത്തകരെ സ്റ്റേഷന് മുന്നില്‍ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.
കരുവന്നൂർ തട്ടിപ്പിൽ സുരേഷ് ഗോപി ഇടപെട്ടതിനെതിരെയുള്ള രാഷ്ട്രീയ വേട്ടയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് എതിരായ കേസ് നിയമപരമായി ജനങ്ങളെ അണി നിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാവിലെ 10.20ഓടെയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനുപിന്നാലെയാണ് പദയാത്ര സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞത്. പ്രതിഷേധത്തെതുടര്‍ന്ന് കണ്ണൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.