കേരളം
ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനത്തിനെതിരെ നിന്നാല്‍ ഫെഡറല്‍ സംവിധാനം തകരുമെന്ന് സുപ്രീം കോടതി
മന്ത്രിസഭയുടെ തീരുമാനത്തിനു വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാല്‍ ഫെഡറല്‍ സംവിധാനം ദുര്‍ബലമാവുമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ക്ക് സ്വന്തം നിലയ്ക്കു മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായി പോകാന്‍ കഴിയില്ലെന്ന്, ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
മുപ്പതു വര്‍ഷത്തോളമായി ജയിലിലുള്ള ഏഴു പ്രതികളെയും മോചിപ്പിക്കണമെന്ന തമിഴ്‌നാട് മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അവഗണിച്ചതു പരാമര്‍ശിച്ചാണു സുപ്രീം കോടതിയുടെ വിമര്‍ശനം. എന്തുകൊണ്ട് പേരറിവാളനെ വിട്ടയച്ചുകൂടാ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണം.
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ പരിഗണിച്ചില്ല എന്ന വിചിത്രമായ മറുപടിയാണു കേന്ദ്രത്തിന്റേത്. വിട്ടയയ്ക്കണമെന്ന ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അല്ല, രാഷ്ട്രപതിക്കാണ് അധികാരമെന്നു കേന്ദ്രം പറയുന്നു. ഇതു ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ്. ഏതു നിയമമാണ് ശുപാര്‍ശ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയയ്ക്കണമെന്നു പറയുന്നതെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഗവര്‍ണര്‍ സ്വതന്ത്രമായി തീരുമാനമെടുക്കുകയാണു വേണ്ടത്. മന്ത്രിസഭയുടെ ശുപാര്‍ശകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണ് ഉള്ളത്?
പ്രതിയെ വിട്ടയയ്ക്കാനുള്ള തീരുമാനം ആരെടുക്കുമെന്ന തര്‍ക്കം അനിശ്ചിതമായി നീളുമ്പോള്‍ ഹര്‍ജിക്കാരന്റെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും.