ദേശീയം
കൊവിഡ് ധനസഹായം വൈകുന്നതിൽ മൂന്ന് സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വൈകുന്നതിൽ മൂന്ന് സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെയാണ് കോടതി വിമർശിച്ചത്. 37000 പേർ അപേക്ഷിച്ചിട്ട് മഹാരാഷ്ട്രയിൽ ഇതുവരെ ഒരാൾക്ക് പോലും സഹായ ധനം നൽകിയിട്ടില്ലെന്നത് നിരാശാജനകമാണ് എന്നും കോടതി പറഞ്ഞു. അപേക്ഷകളുടെ എണ്ണം കുറവാണ് എന്ന് നിരീക്ഷിച്ച കോടതി, സഹായധനം ലഭിക്കുന്ന കാര്യത്തിന് മാധ്യമങ്ങളിലൂടെ കൂടുതൽ പ്രചാരണം നൽകാൻ നിർദേശിക്കുകയും ചെയ്തു.
കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നൽകാൻ സുപ്രീം കോടതി ഒക്ടോബറിൽ അംഗീകാരം നൽകിയിരുന്നു. കേന്ദ്രവും സംസ്ഥാനവും വിവിധ സഹായ പദ്ധതികൾക്ക് കീഴിൽ നൽകുന്ന തുകയ്ക്ക് മുകളിൽ നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗച്ചത്.
“മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഞങ്ങൾ ഒട്ടും സന്തുഷ്ടരല്ല. മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, എന്നാൽ 37,000 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. ഒരാൾക്ക് പോലും ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല,” ജസ്റ്റിസ് ഷാ പറഞ്ഞു. തുടർന്ന് നഷ്ട പരിഹാരം നൽകുന്ന നടപടി മഹാരാഷ്ട്രപ സർക്കാർ ഉടൻ തുടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.
പശ്ചിമ ബംഗാളിൽ 19,000-ത്തിലധികം കൊവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 467 അപേക്ഷകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കൂടാതെ, ഇവരിൽ 110 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നോട്ടീസ് നൽകിയതിന് പിന്നാലെ ഡിസംബർ 3 ന് ശേഷമാണ് മിക്ക സംസ്ഥാന സർക്കാരുകളും ഓൺലൈൻ പോർട്ടലുകൾ സ്ഥാപിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ”കോടതികൾ നിർബന്ധിച്ചതിന് ശേഷമാണ് സംസ്ഥാന സർക്കാരുകൾ ഉണർന്ന് ഓൺലൈൻ പോർട്ടലുകൾ സ്ഥാപിച്ചത്,” ജസ്റ്റിസ് പറഞ്ഞു.
രാജസ്ഥാനിലാകട്ടേ 9,000 ത്തോളം കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 595 അപേക്ഷകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ ഇതുവരെ ആർക്കും നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. “നിങ്ങളുടെ സർക്കാരിനോട് മനുഷ്യത്വം കാണിക്കാൻ പറയൂ.” എന്നാണ് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് ജസ്റ്റിസ് ഷാ പറഞ്ഞത്. കേസിന്റെ അടുത്ത വാദം ഡിസംബർ 10ന് നടക്കും.