കേരളം
സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ
കേരളത്തിലെ പ്രൊഫഷനൽ ഫുട്‌ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന.
നേരത്തെ തൃശ്ശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി നടൻ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് കൊച്ചി ടീമിൽ പങ്കാളിയായത്. മുൻ രാജ്യന്തര ടെന്നീസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഒ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണ് നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ.
പൃഥ്വിരാജും പങ്കാളി സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്എൽകെ സെലിബ്രിറ്റി ടീമായി മാറും. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുടബോൾ ലീഗായ എസ്എൽകെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
സൂപ്പർ ലീഗ് കേരള ഫുട്ബോളിന് സെപ്റ്റംബർ ആദ്യവാരം കിക്കോഫാകും. 45 ദിവസം നീണ്ടുനിൽക്കുന്ന പ്രഥമ സൂപ്പർ ലീഗ് കേരളയിൽ കൊച്ചി പൈപ്പേഴ്സ്, കണ്ണൂർ സ്ക്വാഡ്, കാലിക്കറ്റ് എഫ്.സി., മലപ്പുറം എഫ്.സി., തൃശ്ശൂർ റോർ, തിരുവനന്തപുരം കൊമ്പൻസ് എന്നീ ആറുടീമുകൾ മത്സരിക്കും.
പൊതുമേഖല സ്ഥാപനങ്ങളിൽ പലതും മുന്‍കാലങ്ങളില്‍ കേരളത്തിലെ ഫുട്‌ബാള്‍ താരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയിരുന്നെങ്കിലും നിലവില്‍ സംസ്ഥാനത്ത് അത്തരമൊരു സാഹചര്യമില്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പ്രഫഷനല്‍ ഫുട്‌ബാള്‍ ലീഗ് രൂപകല്‍പന ചെയ്തത്. കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്.