ക്രൈം
തെളിവു നശിപ്പിക്കാന്‍ ‘ദൃശ്യം മോഡല്‍’ പദ്ധതി; സുജിതയ്ക്കായുള്ള തിരച്ചിലില്‍ മുന്നില്‍ നിന്നു; കുടുക്കിയത് ഓവര്‍ കോണ്‍ഫിഡന്‍സ്
മലപ്പുറം തൂവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്നെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. വിഷ്ണുവും രണ്ട് സഹോദരങ്ങളും സുഹൃത്ത് സഹദും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തുന്നത്. 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവിന്റെ വീട്ടില്‍ വെച്ചാണ് സുജിതയെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു. ഇതിനു ശേഷം മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു.
യുവതിയുടെ തിരോധാനത്തെത്തുടര്‍ന്ന് സംശയമുള്ളവരെയെല്ലാം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് വിഷ്ണുവിനെയും നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ കോണ്ടാക്ടുകള് പരിശോധിച്ചതില്‍ നിന്നും യുവതിയുടെ ആഭരണങ്ങള്‍ ജുവലറിയില്‍ പണയം വെച്ചതായി സൂചന കിട്ടി. ഇതേത്തുടര്‍ന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിയുന്നത്.
കൊലപാതകം നടത്തിയശേഷം അന്ന് ഉച്ചയ്ക്ക് ജുവലറിയില്‍ പോയി വിഷ്ണു സുജിതയുടെ സ്വര്‍ണം പണയം വെക്കുകയും, പണം വീതം വെച്ച് കൂട്ടുപ്രതികള്‍ക്കെല്ലാം നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി പ്രതികള്‍ ഒത്തുകൂടി വീടിനു സമീപത്തെ മാലിന്യക്കുഴി വിപുലീകരിച്ച് മൃതദേഹം മണ്ണിട്ടു മൂടി. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനായി പ്രതികള്‍ അവിടെ മെറ്റല്‍ പൊടിയും മറ്റും കൂട്ടിയിട്ടിരുന്നുവെന്ന് മലപ്പുറം എസ്പി പറഞ്ഞു.