ക്രൈം
ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ: ഒളിവിൽ പോയ ഭർത്താവിന്റെ പിതാവ് ചെന്നെെയിൽ പിടിയിൽ
കല്ലുംപുറം കടവല്ലൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻ പീടികയിൽ വീട്ടിൽ അബൂബക്കറിനെ (62) ആണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ സബീനനെ (25) ആണ് കഴിഞ്ഞ ഒക്ടോബർ 25ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വയസുകാരനായ മൂത്ത മകനെ രാവിലെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ട് വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഭർതൃ വീട്ടിൽ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ഒളിവിൽ പോയ പ്രതിയെ ചെന്നൈയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.