കേരളം
സുഗതകുമാരി ടീച്ചർ അന്തരിച്ചു
മലയാള സാഹിത്യത്തിന് തീരാനഷ്ടം; ഏഴ് പതിറ്റാണ്ടു നീണ്ട കാവ്യ ജീവിതത്തിനു ആദരാഞ്ജലികൾ
സർക്കാർ ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.
തിങ്കളാഴ്ച എത്തിക്കുമ്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
Read also: പ്രിയകവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ
സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിരുന്നു.
കേരളത്തിന്‍റെ സാഹിത്യ, സാമൂഹിക, സാംസ്കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള സുഗതകുമാരി 1934 ജനുവരി 22ന് തിരുവനന്തപുരത്താണ് ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ ആണ് പിതാവ്. മാതാവ്: വി.കെ. കാർത്യായനി അമ്മ.
തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടി. സൈലൻറ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതാണ്. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിവ നടത്തിയിരുന്നു.