ദേശീയം
സൂയസ് കനാലിലെ ഗതാഗത തടസം; രാജ്യത്ത് വിലക്കയറ്റത്തിന് സാദ്ധ്യത
സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യന്‍ വ്യാപാരമേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകള്‍ വ്യക്തമാക്കുന്നു. എവര്‍ ഗിവണ്‍ എന്ന ഭീമന്‍ ചരക്കുകപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. സൂയസ് പ്രശ്‌നത്തെ തുടര്‍ന്ന് കനാല്‍ ഉടനെ തുറക്കില്ലെന്നായതോടെ എണ്ണവില ബാരലിന് 62.64 ഡോളറിലേക്കുയര്‍ന്നു. ഇത് ഇന്ത്യയില്‍ എണ്ണവില ഉയരുന്നതിനും പൊതു വിപണിയില്‍ സാധന സാമഗ്രികളുടെ വിലവര്ധനയ്ക്കും ഇടയാക്കിയേക്കും.
അതേസമയം തന്നെ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത തുണികള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍, യന്ത്രസാമഗ്രികള്‍, ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ എന്നിവയും ഗതാഗത കൂരുക്കില്‍പെട്ടു കിടക്കുകയാണ്.
രണ്ടാഴ്ചയോളം ഈ തടസം തുടരാനാണ് സാധ്യത, അത് ഇന്ത്യന്‍ വ്യാപാരമേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും ഇത്തരത്തില്‍ പെട്ടുകിടക്കുന്നതിനാല്‍ വിലകയറ്റത്തിന് ഇടയാകുമെന്നും വിലയിരുത്തപ്പെടുന്നു. സൂയസ് കനാലിലൂടെയുള്ള യാത്രക്ക് പകരം ആഫ്രിക്ക ചുറ്റിയുള്ള കപ്പല്‍യാത്രയ്ക്ക് അഞ്ചു ദിവസം അധികമായി വേണം. ഇത് ഷിപ്പിംഗ് കമ്ബനികള്‍ക്ക് ഭീമമായ ബാധ്യത ഉണ്ടാക്കും.യാത്ര തുടരാനാവാതെ നിര്‍ത്തിയിട്ടിരിക്കുന്ന 185 കപ്പലുകളില്‍നിന്നായി 9600 കോടി യു.എസ്. ഡോളര്‍ മൂല്യമുള്ള ചരക്കുകളാണ് കുടുങ്ങിക്കിടക്കുന്നത്.
ഗതാഗതം വൈകുന്ന ഓരോ ദിവസവും നഷ്ടമുണ്ടാകുന്നത് ഏകദേശം 900 കോടി ഡോളര്‍ വീതമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പലിനെ ചലിപ്പിക്കാന്‍ 20,000 ക്യൂബിക് മീറ്റര്‍ മണല്‍ നീക്കേണ്ടി വരുമെന്നാണ് കനാല്‍ അധികൃതര്‍ പറയുന്നത്. സമുദ്രപാതയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.