ദേശീയം
ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി; വാടക പരിഷ്കരണ നിയമത്തിലും ഭേദഗതി
ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പാവപ്പെട്ട ജനങ്ങളുടെ ജീവിത ചിലവ് കുറയ്ക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് തിരുമാനം എന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. അതേസമയം, കരാർ കാലാവധിയ്ക്ക് ശേഷം വാടക വീട് ഉപയോഗിക്കുന്നവർക്ക് കടുത്ത ബാധ്യത ഉണ്ടാക്കുന്ന വിധത്തിൽ വാടക നിയന്ത്രണ നിയമം പുന: പരിശോധിയ്ക്കാനും മന്ത്രിസഭാ യോഗം തിരുമാനിച്ചു.
ഉജ്ജ്വല സ്കീമിൽ 200 രൂപ ഉത്സവകാലത്ത് കിഴിവ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ കിഴിവ് മുന്നൂറ് രൂപയാക്കി വർദ്ധിപ്പിച്ച് സബ്സിഡി ആക്കി സ്ഥിരപ്പെടുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചു.
രാജ്യത്തെ വാടക നിയമ പരിഷ്കരണ നിയമം ഭേഭഗതി ചെയ്യാനും കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചു. വാടക കരാർ നിർബന്ധമാക്കും. കരാർ കാലാവധിയ്ക്ക് ശേഷം വീടൊഴിഞ്ഞില്ലെങ്കിൽ ആദ്യ രണ്ട് മാസം രണ്ടിരട്ടി വാടക ഉടമയ്ക്ക് സമാശ്വാസ വിഹിതമായി ഈടാക്കാം. രണ്ട് മാസത്തിന് ശേഷവും വീടൊഴിഞ്ഞില്ലെങ്കിൽ ഇത് നാലിരട്ടിയായി മാറും. തെലുങ്കാനയ്ക്ക് കേന്ദ്ര ട്രൈബൽ യൂണിവഴ്സിറ്റി അനുവദിയ്ക്കാനും മന്ത്രിസഭായോഗം തിരുമാനിച്ചു.