ദേശീയം
ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍താരം സുഭാഷ് ഭൗമിക് അന്തരിച്ചു
ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരവും എക്കാലത്തേയും മികച്ച പരിശീലകരിലൊരാളുമായ സുഭാഷ് ഭൗമിക്(72)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരണം.
കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന് വേണ്ടിയും ഈസ്റ്റ് ബംഗാളിനായും അദ്ദേഹം ബൂട്ടുകെട്ടി. 1970നും 1985നും ഇടയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായിരുന്നു. വലത് വിങ്ങറായിരുന്ന സുഭാഷ് ഭൗമിക് തന്റെ ഡ്രിബ്ലിങ് സ്‌കില്‍ കൊണ്ടാണ് എതിരാളികളുടെ പ്രതിരോധ വലയങ്ങളെ നിഷ്പ്രഭമാക്കിയിരുന്നത്.
ഈസ്റ്റ് ബംഗാളിനായി 165 ഗോളും മോഹന്‍ ബഗാന് വേണ്ടി 85 ഗോളുകളും വലയിലാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ 69 കളിയില്‍ നിന്ന് വാരിയത് 50 ഗോളും. 1970ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു. 1971ല്‍ മെര്‍ദേക കപ്പില്‍ ഫിലിപ്പൈന്‍സിന് എതിരെ ഹാട്രിക് നേടി.
കൊല്‍ക്കത്തയുടെ ജോസ് മൗറിഞ്ഞോ എന്നായിരുന്നു സുഭാഷ് ഭൗമിക്കിന്റെ വിളിപ്പേര്. ഈസ്റ്റ് ബംഗാളിനെ തുടരെ നാഷണല്‍ ലീഗ് കിരീടങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിനായി. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്നും അദ്ദേഹം ടീമിനെ നേട്ടങ്ങളിലേക്ക് എത്തിച്ചു. വിവാദങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. 2005ല്‍ അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.