കേരളം
കൊച്ചിയിൽ തെരുവ് നായ ശല്യം രൂക്ഷം; അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു
കൊച്ചിയിൽ തെരുവ് നായ ശല്യം രൂക്ഷം. അറുപത്തിയഞ്ച് താറാവുകളെ കടിച്ചുകൊന്നു. കൊച്ചി കണ്ണമാലി സ്വദേശി ദിനേശൻ വളർത്തുന്ന താറാവുകളെയാണ് നായ്‌ക്കളെ കൊന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
അഞ്ച് മണിക്ക് ദിനേശൻ വാതിൽ തുറന്നപ്പോൾ മുറ്റത്ത് രണ്ട് മൂന്ന് താറാവുകൾ ചത്ത് കിടക്കുന്നത് കണ്ടു. തുടർന്ന് കൂടിനടുത്തേക്ക് പോയപ്പോൾ താറാവുകൾ കടിയേറ്റ് പിടയ്‌ക്കുന്നതും, ചിലത് ചത്ത് കിടക്കുന്നതുമാണ് കണ്ടത്. പ്രദേശത്ത് കുറച്ച് കാലങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ദിനേശൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരിലെ വല്ലച്ചിറ, ചേർപ്പ് പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ ചേർപ്പ് സർക്കാർ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. കണ്ണൂരിൽ കഴിഞ്ഞ ഞായറാഴ്ച തെരുവ് നായയുടെ ആക്രമണത്തിൽ പതിനൊന്നുകാരൻ മരിച്ചിരുന്നു.