കേരളം
സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ല: സീതാറാം യെച്ചൂരി
സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതില്‍ സിപിഎമ്മിന്റെ നിലപാടിനോ സര്‍ക്കാരിന്റെ നിലപാടിനോ യാതൊരു വിഷയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കേസില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് കേരളത്തില്‍ ഉയര്‍ന്ന ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തത വരുത്തിയില്ല. മതപരമായ വിശ്വാസങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തരുത്. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടി എന്ന് അവര്‍ അവകാശപ്പെടുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇ.അഹമ്മദിനെ പിന്തുണച്ചിരുന്നു. ലീഗിന്റെ പരിപാടികള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാം ഡീല്‍ ആക്കി മാറ്റുകയാണ്. എല്ലാം പണം കൊടുത്തു വാങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഏത് മന്ത്രി എന്തുപറഞ്ഞു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് കാര്യമില്ല. ഭരണഘടനാപരമായ ബാധ്യതയാണ്. നിലപാടില്‍ തെറ്റില്ല എന്ന് തന്നെയാണ് യെച്ചൂരി അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ കടകംപള്ളിയുടെ പരാമര്‍ശത്തെ അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ധ്വനി സ്ത്രീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ട് പുതിയൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കിയാല്‍ തന്നെ അക്കാര്യത്തില്‍ കാതലായ മാറ്റമുണ്ടാകില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്.