കേരളം
സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ സ്ഥാനാര്‍ഥിയാകും: ജസ്റ്റിസ് കെമാല്‍ പാഷ
തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. യു.ഡി.എഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ.
യു.ഡി.എഫ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് പുനലൂര്‍ മണ്ഡലത്തിലാണ്. എറണാകുളത്ത് താമസിച്ചുകൊണ്ട് പുനലൂരില്‍ പ്രവര്‍ത്തനം നടത്താനാവില്ല. അതുകൊണ്ട് എറണാകുളത്ത് ഏതെങ്കിലും സീറ്റാണ് ആവശ്യപ്പെട്ടതെന്നും കെമാല്‍ പാഷ പറഞ്ഞു. തന്നെ സമീപിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെമാല്‍ പാഷ പുനലൂരില്‍ നിന്നും ജനവിധി തേടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവിടെ മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നും സ്വതന്ത്രനായി എന്തായാലും മത്സരിക്കില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.