കേരളം
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളിൽ ഇളവില്ല
സംസ്ഥാനത്ത് നടപ്പിലാക്കിയ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. കടകള്‍ക്കുള്ള നിയന്ത്രണം തുടരും. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കൂടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. ഓണത്തിന് ശേഷമുള്ള വ്യാപനം ഈ ആഴ്ച്ചയില്‍ തന്നെ വ്യക്തമാകുമെന്നാണ് കണക്കാക്കുന്നത്.
വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
നിലവിൽ സംസ്‌ഥാനത്തിന്റെ പക്കൽ പതിനാറ് ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും.പത്ത് ലക്ഷം വാക്‌സിൻ ഡോസുകൾ കെ.എം എസ്. സി. എൽ നേരിട്ട് വാക്‌സിൻ ഉത്പ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്‌ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഓരോ തദ്ദേശ സ്‌ഥാപന അതിർത്തിയിലും എത്ര വാക്‌സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുമെന്നും എത്രയും വേഗം ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്ക് നല്‍കാന്‍ നടപടിയുണ്ടാകുമെന്നും അവലോകനയോഗത്തിന് ശേഷം ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും നിലവിലെ നിയന്ത്രണങ്ങളില്‍ മാറ്റമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.