കേരളം
വിനോദസഞ്ചാരികള്‍ മാത്രമുള്ള സ്‌പെയ്‌സ് എക്‌സ് പേടകം വിക്ഷേപിച്ചു
ബഹിരാകാശരംഗത്ത് പുതു ചരിത്രം കുറിച്ച് സ്‌പെയ്‌സ് എക്‌സ് ഇൻസ്‍പിരേഷൻ 4 പേടകം വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാലുപേര്‍ മാത്രമാണുള്ളത്.മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലംവെയ്ക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.
ബഹിരാകാശ ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രയ്ക്കായി 200 മില്യണ്‍ ഡോളര്‍ ആണ് ചെലവിട്ടത്.
ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്.
കുട്ടിയായിരിക്കെ ബോൺ കാൻസർ ബാധിതയായ ഹെയ്‌ലി നീണ്ട ചികിത്സയ്ക്കു ശേഷം രോഗത്തിൽനിന്നു മുക്തി നേടുകയും കുട്ടികളുടെ ആശുപത്രിയിൽതന്നെ ജോലി ചെയ്യുകയുമാണ്. സിയാൻ പ്രോക്റ്ററാണ് (51) ദൗത്യസംഘത്തിലെ രണ്ടാമത്തെ വനിത. അരിസോണയിലെ സൗത്ത് മൗണ്ടെയ്ൻ കമ്യൂണിറ്റി കോളജിൽ ജിയോസയൻസ് പ്രഫസറാണ് സിയാൻ. ക്രിസ് സെംബ്രോസ്കി (42) എന്ന മുൻ യുഎസ് വ്യോമസേനാ ഓഫിസറാണ് യാത്രയിലെ നാലാമത്തെ സഞ്ചാരി.
തൊപ്പികൾ, തൂവാലകൾ, ജാക്കറ്റുകൾ, പേനകൾ, ഗിറ്റാറുകൾ തുടങ്ങി ധാരാളം വസ്തുക്കൾ ഇൻസ്പിരേഷൻ4 ദൗത്യത്തിലെ അംഗങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നുണ്ട്. തിരികെ എത്തിയതിനു ശേഷം ഇവ ലേലം ചെയ്യും.സ്പേസ്‌എക്സ് കമ്പനി തന്നെയാണ് യാത്രികർക്ക് സഞ്ചരിക്കാനായുള്ള ഡ്രാഗൺ ക്യൂപ്സൂൾ നിർമിച്ചിരിക്കുന്നത്. സ്പേസ്‌എക്സിന്റെ വിശ്വസ്ത റോക്കറ്റായ ഫാൽക്കൺ 9 റോക്കറ്റിൽ ക്യാപ്സൂൾ ഉറപ്പിച്ചാണു യാത്ര. ഫാൽക്കൺ 9ന്റെ നാലാമത്തെ സ്പേസ് ദൗത്യമാണിത്.