കേരളം
കേരളത്തിൽ ആദ്യമായി നീലത്തിമിംഗലത്തിന്‌റെ ശബ്ദം: ശാസ്ത്രലോകം ഗവേഷണത്തിനൊരുങ്ങുന്നു
കേരളത്തിൽ ആദ്യമായി നിലത്തിമിംഗിലത്തിന്റെ സാന്നിദ്ധ്യം ഗവേഷകർ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തിയത്. ഒന്നാ രണ്ടോ തിമിംഗലങ്ങളുടെ ശബ്ദമാണ് റെക്കോഡ് ചെയ്തത്. നീലത്തിമിംഗലത്തെ കുറിച്ചുള്ള കൂടുതൽ പഠനത്തിനായി ഈ ശബ്ദം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
കൂട്ടം കൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ തുടങ്ങിയ കാര്യങ്ങൾക്ക് ആശയ വിനിമയത്തിനായാണ് നീലത്തിമിംഗലങ്ങൾ ശബ്ദം പുറപ്പെടുവിക്കുന്നത്. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘം മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയാണ് വിജയം കണ്ടത്.
പഠനത്തിന്റെ ഭാഗമായി വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ മൂന്നു മാസം മുമ്പ് ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇവയിൽ നിന്നാണ് നീലത്തിമിംഗലത്തിന്റെ ശബ്ദം ലഭിച്ചത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പിൽ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിലാണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്ത് വിശകലനം ചെയ്തു. വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. നേരത്തെ കേരള തീരത്ത് നിന്ന് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.