കേരളം
സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ
ഇന്‍സ്റ്റഗ്രാം റീല്‍സ്, ടിക് ടോക് എന്നിവയിലൂടെ പ്രശസ്തനായ വിനീത് വീണ്ടും പൊലീസ് പിടിയില്‍. ഇത്തവണ മോഷണ കേസില്‍ ആണ് വിനീതിനെ പൊലീസ് പൊക്കിയത്. കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ആണ് കിളിമാനൂര്‍ കീഴ്‌പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത്, കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു എന്നിവര്‍ പിടിയിലായത്.
വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസിലും പ്രതിയാണ്. കവര്‍ച്ചയ്ക്ക് ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇരുവരും പല സ്ഥലങ്ങളില്‍ മാറി മാറി താമസിച്ച് വരികയായിരുന്നു. തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വിനീതിനേയും ജിത്തുവിനേയും പിടികൂടുന്നത്. മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വെച്ച് ഇവര്‍ കവര്‍ച്ച നടത്തിയത്.
ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷന്‍ തൊട്ടടുത്തുള്ള എസ്ബിഐയില്‍ അടക്കാന്‍ പോകുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് കൈയില്‍ ഉണ്ടായിരുന്നത്. ഇത് തട്ടിപ്പറിച്ചാണ് വിഷ്ണുവും ജിത്തുവും രക്ഷപ്പെട്ടത്. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയിരുന്നു. പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെത്തി.
സി സി ടി വി ക്യാമറകളും മൊബൈലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നേരത്തെ കോളേജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബലാത്സംഗക്കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. കാറ് വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ട് പോയി തിരുവനന്തപുരത്തെ ഹോട്ടലില്‍ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
ഇത് കൂടാതെ മോഷണക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലും വിനീതിന് എതിരെ കേസുണ്ടായിരുന്നു. നിരവധി പേരെ സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ കബളിപ്പിച്ചിരുന്നു. തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണ് എന്നും പൊലീസിലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇയാളെ ഫോളോ ചെയ്തിരുന്നത്.