കേരളം
തിരുവനന്തപുരത്ത് യുവാവിനെ മർദ്ദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം പൂവാറില്‍ യുവാവിനെ മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ എസ് ഐ സനല്‍കുമാറിനെയാണ് റൂറല്‍ എസ് പി സസ്പെന്‍ഡ് ചെയ്തത്. സുധീര്‍ ഖാന്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. ഞായരാഴ്ച രാവിലെ പൂവാര്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കല്ലിംഗവിളാകാം സ്വദേശി സുധീര്‍ ഖാനെ എസ് ഐ സനല്‍കുമാര്‍ മര്‍ദ്ദിച്ചതായാണ് പരാതി.
ഭാര്യയെ ബീമാപള്ളിയിലെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം നില്‍ക്കുമ്പോഴായിരുന്നു മര്‍ദ്ദനമെന്നും ഓട്ടോറിക്ഷ തൊഴിലാളിയായ സുധീര്‍ ഖാന്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് എസ് ഐ സനല്‍കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.എന്നാല്‍ പൂവാറില്‍ ബോട്ട് ടൂറിസത്തിനായി എത്തുന്ന വിനോദസഞ്ചാരികളെ ശല്യപ്പെടുത്തിയതിനാലാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നത്.
ഇയാള്‍ക്കെതിരെ സമാനമായ പരാതി നേരത്തെയും ലഭിച്ചിരുന്നതായും കസ്റ്റഡിയിലെടുത്ത സുധീര്‍ ഖാനെ വൈകിട്ടോടെ വിട്ടയച്ചെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.