കേരളം
നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു
നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടർ അടച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ഡാമിലെ ജലനിരപ്പ് 2399.1 അടിയായതിന് പിന്നാലെയാണ് ഷട്ടർ അടച്ചത്. അതേസമയം അണക്കെട്ടിൽ ഇപ്പോഴും റെഡ് അലർട്ട് തന്നെയാണ്.
മഴ ശക്തമായിരുന്നതിനാൽ നവംബർ 14ന് ആണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിട്ടിരുന്നത്. മുല്ലപ്പെരിയാർ തുറക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഷട്ടർ ഉയർത്തിയിരുന്നത്.
അപ്പർ റൂൾകർവ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി. ഇന്നലെ രാവിലെ 2399.16 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് ജലനിരപ്പ് കുറഞ്ഞു രാത്രി ഒൻപതോടെ 2399.1 അടിയായി. ഇതേതുടർന്ന് 9.45-ന് ഷട്ടർ അടയ്ക്കുകയായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുകയാണ്.