കേരളം
അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കനത്തമഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. മൂന്നാമത്തെ ഷട്ടര്‍ 30 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവില്‍ മൂന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 30 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യപകമായ മഴ തുടരാന്‍ സാധ്യത.
ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.