കേരളം
ഷാരോണ്‍ കൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം; ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് പൊളിച്ച നിലയില്‍
പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
അതേസമയം, പൊലീസ് കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി . കുറ്റകൃത്യത്തിന്‍റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്നാട്ടിൽ നടന്നിട്ടുള്ളതിനാൽ കേസ് തമിഴ്നാട്ടിലേക്ക് കൈമറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാൽ കേരളത്തിൽ അന്വേഷണം നടത്തുന്നതിലും തടസ്സമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്‍ഞരുടെ നിർദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടുന്നത്.