കേരളം
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും പിഴയും
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്ലസ്ടു അധ്യാപകന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും. നാദാപുരം അതിവേഗ കോടതിയുടേതാണ് വിധി. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ലാലുവിനെയാണ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 22 നാണ് സംഭവം. അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയെ ഇൻവിജിലേറ്ററായ ലാലു കടന്ന് പിടിക്കുകയായിരുന്നു. പരീക്ഷയ്ക്കിടെയായിരുന്നു ലൈംഗികാതിക്രമം. ചോമ്പാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ശിവൻ ചോടോത്താണ് കുറ്റം പത്രം സമർപ്പിച്ചത്.
നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി (പോസ്‌കോ) ജഡ്ജി എം ഷുഹൈബാണ് ശിക്ഷ വിധിച്ചത്. 13 സാക്ഷികളും 21 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.