ദേശീയം
ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ദല്‍ഹി റൂസ് അവന്യൂ കോടതി ചൊവ്വാഴ്ച രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. കേസിലെ മറ്റൊരു പ്രതിയായ വിനോദ് തോമറിന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു. 25,000 രൂപ വീതം ബോണ്ടിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
രണ്ട് പ്രതികള്‍ക്കുമുള്ള സ്ഥിരം ജാമ്യത്തില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 20 ന് നടക്കും.ഐപിസി സെക്ഷന്‍ 354, 354 ഡി, 345 എ, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം വനിതാ ഗുസ്തിക്കാര്‍ നല്‍കിയ പരാതിയില്‍ ജൂണ്‍ 15 ന് ദല്‍ഹി പൊലീസ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനും തോമറിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇതിനുമുമ്പ്, രണ്ട് എഫ് ഐ ആറുകള്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു ഗുസ്തി താരത്തെ പീഡിപ്പിച്ചെന്ന കേസിലും രണ്ടാമത്തേത് മറ്റ് ഗുസ്തി താരങ്ങളുടെ പരാതിയിലും.