കേരളം
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. 1946ൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായി. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തകനായി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഷൊർണൂരിൽ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തുടക്കം.
പട്ടാമ്പി നിയോജകമണ്ഡലം സെക്രട്ടറിയും തുടർന്ന് പാലക്കാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അദ്ദേഹം 1964–ൽ പാലക്കാട് ഡിസിസി പ്രസിഡന്റുമായി. കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള ജില്ലയിൽ കോൺഗ്രസ് വേരോട്ടത്തിനായി ശങ്കരനാരായണൻ അക്ഷീണം യത്നിച്ചു.
1968ൽ 36–ാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി പദത്തിലെത്തി. കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പം നിലകൊണ്ടു. അശോക് മേത്ത പ്രസിഡന്റായിരിക്കുമ്പോൾ അതുല്യഘോഷ്, എസ്.കെ.പാട്ടീൽ, കാമരാജ് എന്നിവരോടൊപ്പം സംഘടനാ കോൺഗ്രസിന്റെ പ്രവർത്തകസമിതിയംഗമായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ നിലപാടെടുത്തു. അടിയന്തരാവസ്ഥക്കാലത്തു സംഘടനാ കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന (1971– 76).
ശങ്കരനാരായണൻ പൊലീസ് അറസ്റ്റിലായി. പൂജപ്പുര ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. മാപ്പെഴുതി കൊടുക്കാൻ അദ്ദേഹം തയ്യാറായില്ല. അന്ന് കരുണാകരനായിരുന്നു ആഭ്യന്തരമന്ത്രി. തന്റെ മാനസഗുരു കൂടിയായിരുന്ന കാമരാജിന്റെ സംസ്കാരചടങ്ങിന് ജയിലിൽ നിന്നാണ് ശങ്കരനാരായണൻ പോയത്.
1976-ൽ ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ്, കോൺഗ്രസിൽ ലയിച്ചു. 1977–ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ നിന്ന് വിജയിച്ചു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി വകുപ്പു മന്ത്രിയായി. 16ദിവസം മാത്രമേ സ്ഥാനത്ത് തുടർന്നുള്ളു (11.4.77 മുതൽ 27.4.77 വരെ) രാജൻകേസിനെത്തുടർന്ന് കരുണാകരൻ മന്ത്രിസഭ രാജിവെച്ചു. തുടർന്ന് എ.കെ.ആന്റണി മന്ത്രിസഭയിലും കൃഷിമന്ത്രിയായി (27.4.77 മുതൽ 29.10.78 വരെ). 2001–ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് എ.കെ.ആന്റണി മന്ത്രിസഭയിൽ ധനകാര്യ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു.
16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. പരേതയായ രാധയാണ് ഭാര്യ. മകൾ അനുപമ. മരുമകൻ: അജിത് ഭാസ്കർ.