ദേശീയം
രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു
രാജ്യദ്രോഹ കേസിൽ ചലച്ചിത്ര സംവിധായക ആയിഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്ന് കവരത്തി പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ആയിഷ കുറ്റപ്പെടുത്തി. ആയിഷയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ആയിഷയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ആയിഷയുടെ പരാമർശം രാജ്യദ്രോഹമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന് എതിരെയല്ല, ഭരണകൂടത്തിന് എതിരെയാണ് ആയിഷ സംസാരിച്ചത്. ആയിഷയ്ക്കു ക്രിമിനൽ പശ്ചാത്തലമില്ല. അവർ നിയമ വ്യവസ്ഥയിൽ നിന്ന് ഒളിച്ചോടുമെന്നു കരുതാനാവില്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു കോടതി പറഞ്ഞു.
കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ജനതയ്ക്കു നേരെ ജൈവായുധം പ്രയോഗിക്കുകയാണെന്ന് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തത്. കേന്ദ്രസർക്കാരിനെ വിമർശിക്കുക മാത്രമാണ് ചാനൽ ചർച്ചയിലൂടെ ചെയ്തതെന്നും സ്പർധ വളർത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ സുൽത്താനയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ആയിഷ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും അറസ്റ്റു ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്നും ഹൈക്കോടതി കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇവർ കഴിഞ്ഞ ദിവസങ്ങളിൽ കവരത്തി പൊലീസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്യലിനു ഹാജരായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ആയിഷയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു.