കേരളം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം മുഖ്യമന്ത്രിയും പിന്നീട് മറ്റ് മന്ത്രിമാരും അധികാരമേൽക്കും.സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.
രാവിലെ ഒൻപത് മണിയോടെ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലേയും, വലിയചുടുകാടിലേയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാർച്ചന നടത്തും.ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞയ്ക്ക് എത്തുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിന് ശേഷം രാജ് ഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരം ഉണ്ടാകും.
ശേഷം സെക്രട്ടേറിയേറ്റിലെത്തി മന്ത്രിസഭയുടെ ആദ്യയോഗം ചേരും.ഒന്നാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാൻ നാല്പതിനായിരത്തിലേറെ പേരെത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇത്തവണ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം. ചാനലുകളിലും സർക്കാരിന്റെ അഞ്ചിലേറെ ഔദ്യോഗിക വെബ്സൈറ്റുകളിലും പരിപാടി തത്സമയം കാണിക്കും.
ചടങ്ങിന് കൊഴുപ്പ് പകരാൻ 2.30ന് യേശുദാസുൾപ്പെടെയുള്ളവർ അണിനിരക്കുന്ന സംഗീത വിരുന്നുമുണ്ടാകും.സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കാം, എന്നാൽ പുതിയ എം.എൽ.എമാരുടെ ബന്ധുക്കളടക്കമുള്ളവർ പങ്കെടുക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.