കേരളം
സംസ്ഥാനത്ത് സ്കൂൾ തല ഓൺലൈൻ ക്ലാസ്സ് പരിഗണനയിൽ
വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസിനു ശേഷം അതാത് സ്കൂൾ തലത്തിൽ ഓൺലൈൻ ക്ലാസ്സ് നടത്താനാണ് ആലോചന. ഗൂഗിൾ മീറ്റ് അടക്കം ഉള്ള പ്ലാറ്റ് ഫോമുകൾ ഇതിനായി ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ക്വിപ് യോഗത്തിലാണ് ഈ ആശയം ഉയർന്നത്.
സംസ്ഥാനത്ത് ഇത്തവണയും സ്കൂൾ ക്ലാസുകൾ ഓൺലൈൻ വഴിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് വഴി ക്ലാസുകൾ തുടങ്ങും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓൺലൈൻ വഴിയായിരിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലുള്ള എല്ലാവരും ജയിച്ച് അടുത്ത ക്ലാസിലെത്തും. 2 മുതൽ 10 വരെ ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച്ച റിവിഷനായിരിക്കും. കുട്ടികൾക്ക് ലഭിച്ച ക്ലാസുകളും പഠനനിലവാരവും ചോദിച്ചറിഞ്ഞ് ഉറപ്പാക്കാൻ പ്രത്യേക നിർദേശമുണ്ട്. വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകൾ തന്നെയായിരിക്കും ഇത്തവണയും.
ഡിജിറ്റൽ ക്ലാസുകൾ നിലവിലുള്ള രീതിക്കൊപ്പം നിലവാരം മെച്ചപ്പെടുത്താൻ ഊന്നൽ നൽകുന്നതിനാണ് ക്വിപ് യോഗം. കൊവിഡ് മൂന്നാം തരംഗവും പ്രവചിക്കപ്പെട്ട സാഹചര്യവും നിലവിൽ കേസുകളുയർന്ന് നിൽക്കുന്നതും പരിഗണിച്ചാകും തീരുമാനങ്ങൾ. വാക്സിനേഷൻ എങ്ങമെത്താത്ത സാഹചര്യത്തിൽ തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമെടുക്കാനാകില്ല.
പ്ലസ് വൺ ക്ലാസുകൾ തീർന്ന് പരീക്ഷ ഉടനെ നടത്തേണ്ടതുണ്ട്. പരീക്ഷ നടത്തരുതെന്ന ആവശ്യവും ശക്തമാണ്. പരീക്ഷ നടത്തിപ്പിലും ക്ലാസുകൾ തുടങ്ങുന്നതിലും ഉടൻ തീരുമാനമുണ്ടാകും. ഉന്നതവിദ്യാഭ്യാസ രംഗത്തും പുതിയ അധ്യയന വർഷം ജൂൺ 1ന് തന്നെയായിരിക്കും. അവസാന വർഷ ബിരുദ, ബിരുദാനനന്തര പരീക്ഷകൾ ജൂൺ 15ന് തുടങ്ങി ജൂലൈ 30നുള്ളിൽ ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. പരീക്ഷാ നടത്തിപ്പിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സർവ്വകലാശാലകൾ തീരുമാനമെടുക്കും.